തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണക്കേസില്‍ പ്രതികളായ രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്കാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയുടെ മേല്‍നോട്ടമില്ലായിരുന്നെങ്കില്‍ മൂന്നോ നാലോ ചെറുകിടക്കാരെ അറസ്റ്റ് ചെയ്തു കേസ് അവസാനിച്ചേനെ. ഈ അന്വേഷണം ഇതുവരെ നിഷ്പക്ഷമായി നടക്കുന്നത് കോടതിയുടെ കൃത്യമായ ഇടപെടല്‍ കൊണ്ടു മാത്രമാണ്.

സിപിഎമ്മിന്റെ രണ്ട് പ്രധാനപ്പെട്ട നേതാക്കള്‍ ശബരിമലയില്‍ നിന്നു സ്വര്‍ണം മോഷ്ടിച്ച കേസില്‍ ജയിലില്‍ പോയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ദുരൂഹമാണ്. മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കണം.

ഇനി മന്ത്രിമാരുടെ ഊഴമാണ്. മുന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കാണ് കുരുക്ക് നീങ്ങുന്നത് എന്നാണ് മാധ്യമ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇനി മന്ത്രിമാര്‍ ജയിലില്‍ പോകുന്നത് കാണാന്‍ നമുക്ക് കാത്തിരിക്കാം. കേരള ചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. സ്വര്‍ണം കാണുമ്പോള്‍ഹ ഈ സിപിഎം നേതാക്കന്മാരുടെ കണ്ണ് മഞ്ഞളിക്കുകയാണ്. ഒന്നാം പിണറായി ഗവണ്‍മെന്റ് കാലത്ത് സ്വര്‍ണ കള്ളക്കടത്തായിരുന്നെങ്കില്‍ രണ്ടാം പിണറായി ഗവണ്‍മെന്റ് കാലത്ത് ശബരിമലയിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണം അടിച്ചു മാറ്റുകയാണ്. ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ കൂടി ചോദ്യം ചെയ്യേണ്ടിയിരിക്കുകയാണ്. വാസവനെ കൂടി ചോദ്യം ചെയ്യാതെ കാര്യങ്ങള്‍ വ്യക്തമാവുകയില്ല.

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത്. യുവതി പ്രവേശനം നടത്തി തകര്‍ക്കാന്‍ നോക്കി. അതുകഴിഞ്ഞ് സ്വര്‍ണ കൊള്ള നടത്തി തകര്‍ക്കാന്‍ നോക്കുന്നു. ഇപ്പോള്‍ വൃശ്ചികം ഒന്നിന് നട തുറക്കുന്നതിന് മുമ്പ് ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. പതിനഞ്ചും ഇരുപതും മണിക്കൂര്‍ ആളുകള്‍ക്ക്, ഭക്തന്മാര്‍ക്ക് കാത്തുനില്‍ക്കേണ്ട ക്യൂ നില്‍ക്കേണ്ട ഗതികേടാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ശബരിമലയെ തകര്‍ക്കാന്‍ സിപിഎമ്മും ഗവണ്‍മെന്റും ഗൂഢാലോചന നടത്തുന്നു എന്നുള്ളത് തന്നെയാണ്.

ശബരിമലയിലെ സ്വര്‍ണമോഷണം അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിന്റെ ചീഫ് വെങ്കിടേഷ്, ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഒപ്പം ജോലി ചെയ്ത ആളാണ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനാണ്. അങ്ങനെയുള്ള ഉദ്യോഗസ്ഥന്മാര്‍ ഈ കേസ് കോടതിയുടെ നിയന്ത്രണത്തില്‍ അന്വേഷിക്കുമ്പോഴാണ് ഇവര്‍ അകത്തുപോകുന്നത്. ഇല്ലെങ്കില്‍ പിണറായി വിജയന്റെ ഗവണ്‍മെന്റ് കാലത്ത് ഈ രണ്ട് സിപിഎം നേതാക്കന്മാര്‍ ഒരിക്കലും അകത്തു പോവില്ല. സിപിഎം നേതാക്കള്‍ എന്തു മോഷണവും അഴിമതിയും കൊലപാതകവും നടത്തിയാലും അവരെ സംരക്ഷിക്കുകയെന്നാണ് സര്‍ക്കാരിന്റെ നയം. നേരത്തെ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ് ബിജെപിയുമായി ഒത്തുതീര്‍പ്പ് നടത്തി അവസാനിപ്പിച്ചിതാണ് ഇവര്‍. ഈ കേസില്‍ കോടതിയുടെ നിയന്ത്രണമുണ്ടായതുകൊണ്ട് മാത്രമാണ് സിപിഎം നേതാക്കന്മാര്‍ അകത്തുപോകുന്നത്.

കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ നേരത്തേ തൊട്ടേ പറഞ്ഞു കൊണ്ടിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ ഇവര്‍ ബിജെപിയുമായി ഡീലുണ്ടാക്കി അന്വേഷണം അട്ടിമറിക്കും. കേരളാ പോലീസ് അന്വേഷിക്കുമ്പോഴും കോടതിയുടെ നിയന്ത്രണം ഉണ്ട് എന്നു കണ്ടപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിക്കുകയായിരുന്നു - ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എതിര്‍സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവരെ ഭീഷണിപ്പെടുത്തി മത്സരത്തില്‍ നിന്നു പിന്തിരിപ്പിക്കുന്ന നയത്തില്‍ നിന്നു സിപിഎം പിന്മാറണമെന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആന്തൂരില്‍ എതിര്‍സ്ഥാനാര്‍ഥിയുടെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ച സംഭവമുണ്ടായി. പത്രികാ സ്‌ക്രൂട്ടിനി വേളയില്‍ പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ ഇവര്‍ അക്രമം അഴിച്ചു വിട്ടിട്ടുണ്ട്. ഇത് ജനാധിപത്യമര്യാദകള്‍ക്കെതിരാണ്. ഇത്തരം പ്രവര്‍ത്തനങ്ങ്ള്‍ അവസാനിപ്പിച്ച് ജനാധിപത്യമര്യാദ കാട്ടുന്ന പാര്‍ട്ടിയായി സിപിഎംമാറേണ്ടതുണ്ട്- ചെന്നിത്തല പറഞ്ഞു.