റായ്പുര്‍: ഹോംവര്‍ക്ക് ചെയ്യാതെ സ്‌കൂളിലെത്തിയ നാലുവയസ്സുകാരനെ ക്രൂരമായി ശിക്ഷിച്ച് അധ്യാപികമാര്‍. സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കുട്ടിയെ കെട്ടിത്തൂക്കിയാണ് അധ്യാപികമാര്‍ ശിക്ഷിച്ചത്. ഭയന്നു പോയ കുഞ്ഞ് അലറി കരഞ്ഞിട്ടും നിലത്തിറക്കാന്‍ അധ്യാപികമാര്‍ തയ്യാറായില്ല. മണിക്കൂറുകളഓളം കുട്ടി മരത്തില്‍ തൂങ്ങിയാടി. ഛത്തീസ്ഗഡ് സുരാജ്പുരിലെ നാരായണ്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.

ഹന്‍സ് വാഹിനി വിദ്യാമന്ദിര്‍ എന്ന സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇവിടെ നഴ്‌സറി മുതല്‍ എട്ടു വരെ ക്ലാസുകളുണ്ട്.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. കുട്ടിയെ മണിക്കൂറുകളോളം കെട്ടിത്തൂക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കുട്ടി ഹോംവര്‍ക്ക് ചെയ്യാതെ വന്നതാണ് അധ്യാപികമാരെ പ്രകോപിപ്പിച്ചത്.

കുട്ടി ഹോംവര്‍ക്ക് ചെയ്യാതെ എത്തിയതിന് ദേഷ്യപ്പെട്ടു. തുടര്‍ന്ന് കാജല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നീ അധ്യാപികമാര്‍ ചേര്‍ന്ന് കുട്ടിയെ ക്ലാസിനു പുറത്തേക്കു കൊണ്ടുപോയി. കുട്ടിയുടെ ഷര്‍ട്ടില്‍ കയര്‍ കെട്ടി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്നയാളാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയത്. കുട്ടി പേടിച്ച് നിലവിളിക്കുന്നതും നിലത്തിറക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉര്‍ന്നത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് അയച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാപ്പു പറഞ്ഞിട്ടുണ്ട്. കുട്ടിക്ക് മറ്റു പരുക്കുകള്‍ ഒന്നുമില്ല. അധ്യാപികമാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.