അടൂര്‍: കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിനെ പീഡിപ്പിച്ച സംഭവത്തില്‍ രോഗിയുടെ മകന്‍ അറസ്റ്റില്‍. അടൂര്‍ കണ്ണംകോട് കാഞ്ഞിക്കല്‍ വീട്ടില്‍ റെനി റോയി(46)യെ ആണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. നവംബര്‍ 16-നാണ് സംഭവം. റെനി റോയിയുടെ അമ്മയെ പരിചരിക്കാന്‍ എത്തിയതായിരുന്നു 55 വയസ്സുകാരിയായ ഹോംനഴ്‌സ്.

എറണാകുളത്ത് കുടുംബമായി താമസിക്കുന്ന റെനി റോയി അമ്മയെ കാണാന്‍ എത്തിയപ്പോഴാണ് ഹോം നഴ്‌സിനെതിരേ ലൈംഗികാതിക്രമം നടത്തിയത്. സ്ഥിരമായി നില്‍ക്കുന്ന ഹോംനഴ്‌സിന് പകരം കുറച്ചുദിവസത്തേക്ക് താത്കാലികമായി എത്തിയതായിരുന്നു പീഡനത്തിരയായ ഹോംനഴ്‌സ്. അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍, സിഐ എസ്. ശ്രീകുമാര്‍, എസ്‌ഐ ദീപു, എഎസ്‌ഐ മഞ്ജുമോള്‍, സിപിഒമാരായ ശ്യാംകുമാര്‍, അര്‍ജുന്‍ സജികുമാര്‍ എന്നിവര്‍ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.