ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ പുരുഷനഴ്സിന് വനിതാനഴ്സായി നിയമനം നല്‍കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. ജോലി നിഷേധിക്കപ്പെട്ട കാലത്തെ ശമ്പളക്കുടിശ്ശിക നല്‍കാനും കോടതി നിര്‍ദേശിച്ചു. കടലൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുരുഷനഴ്സിങ് അസിസ്റ്റന്റ് ആയിരുന്ന സി. മണിയുടെ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യന്‍ ഉത്തരവായത്.

2021-ല്‍ ജോലിയില്‍ പ്രവേശിച്ച മണി 2024-ല്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി സര്‍ക്കാര്‍ അവധി അനുവദിച്ചെങ്കിലും ലിംഗമാറ്റം നടത്തിയകാര്യം അറിയിച്ചപ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ശമ്പളവും ലഭിച്ചില്ല. കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ നഴ്സിങ് അസിസ്റ്റന്റിന്റെ ഒഴിവില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയും പരിഗണിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് നഴ്‌സ് കോടതിയെ സമീപിച്ചത്.

പുരുഷനഴ്സായാണ് മണിയുടെ നിയമനമെന്നും ലിംഗമാറ്റം നടത്തിയയാള്‍ക്ക് ആ തസ്തികയില്‍ തുടരാന്‍പറ്റില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒഴിവുള്ള വനിതാ നഴ്സിങ് അസിസ്റ്റന്റിന്റെ തസ്തികയില്‍ മണിയെ നിയമിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 2024 ഡിസംബര്‍മുതല്‍ കുടിശ്ശികയുള്ള മുഴുവന്‍ ശമ്പളവുംം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.