കൊല്ലം: മസാല ബോണ്ടിന് പിന്നില്‍ ഗുരുതര അഴിമതിയും നടപടിക്രമങ്ങളുടെ ലംഘനവും നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മസാല ബോണ്ടുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രതിപക്ഷം ശക്തമായ അഴിമതി ആരോപണം ഉന്നയിച്ചിരുന്നതാണ്. അതിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ട്. 9.723 ശതമാനമെന്ന കൂടിയ പലിശയ്ക്കാണ് മസാല ബോണ്ടിന്റെ പേരില്‍ അന്താരാഷ്ട്ര ഫിനാന്‍സ് മാര്‍ക്കറ്റില്‍ നിന്നും പണം കടമെടുത്തത്. അത്രയും ഉയര്‍ന്ന പലിശയ്ക്ക് പണം കടമെടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് മുതലും പലിശയും അടച്ചു തീര്‍ക്കണം. 2150 കോടി രൂപയ്ക്ക് 1045 കോടി രൂപയാണ് പലിശ. 3195 കോടിയാണ് പലിശയും മുതലുമായി അടയ്ക്കേണ്ടത്. അഞ്ചു കൊല്ലം കൊണ്ട് പകുതിയോളം തുകയാണ് പലിശയായി വരുന്നത്. അതിനെയാണ് പ്രതിപക്ഷം വിമര്‍ശിച്ചതെന്ന് സതീശന്‍ പറഞ്ഞു.

സംസ്ഥാനം സോവറിന്‍ ഗ്യാരന്റി നല്‍കിയാല്‍ കുറഞ്ഞ പലിശയ്ക്ക് പണം കിട്ടും. 1.25 ശതമാനം പലിശയ്ക്കാണ് കൊച്ചിന്‍ മെട്രോയ്ക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കടമെടുത്തത്. എന്തായാലും ഒന്നര ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പണം കിട്ടുമെന്നിരിക്കെയാണ് ഇത്രയും വലിയ പലിശയ്ക്ക് കടമെടുത്തത്. ഭരണഘടനയുടെ 293(1) വകുപ്പ് ലംഘിച്ചുകൊണ്ടാണ് കടം എടുത്തത്. എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യുവില്‍ നിന്നാണ് പണം വാങ്ങിയത്. അന്നത്തെ ധനകാര്യ മന്ത്രി അന്ന് പറഞ്ഞതും ഇപ്പോള്‍ പറയുന്നതും തെറ്റാണ്. കാനഡയിലെ ക്യൂബക് പ്രവിശ്യയില്‍ പ്രൈവറ്റ് പ്ലേസ്മെന്റായാണ് പണ ഇടപാട് നടത്തിയത്. പണം വാങ്ങിയ ശേഷം മുഖ്യമന്ത്രി ലണ്ടനില്‍ പോയി മണി അടിക്കുക മാത്രമാണ് ചെയ്തത്. മണി അടിച്ചത് വലിയ സംഭവമാണെന്നാണ് അന്ന് കൊട്ടിഘോഷിച്ചത്. മണി അടിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണെന്നു വരെ പറഞ്ഞു. ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചില്‍ ബോണ്ട് നിക്ഷേപിക്കുന്ന ഏത് തലവനും ഒന്നര രണ്ട് മണിക്കൂര്‍ മണി അടിക്കുന്നതിനുള്ള സമയമുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലല്ല, കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ മണി അടിച്ചത്. ലണ്ടനിലെ സ്റ്റോക്ക് എക്സേഞ്ചില്‍ മണി അടിച്ച ആദ്യ മുഖ്യമന്ത്രി എന്നൊക്കെ കൊട്ടിഘോഷിച്ചത് വെറും പി.ആര്‍ സ്റ്റണ്ട് മാത്രമായിരുന്നു. ഇതിന് പിന്നില്‍ അഴിമതിയുണ്ട്.

മൂന്ന് വര്‍ഷം കഴിഞ്ഞ്, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നില്‍ എന്താണെന്ന് അറിയില്ല. കരുവന്നൂര്‍ ബാങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സമയത്തും ഇതുപോലെ നോട്ടീസ് അയച്ചിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതായിരുന്നു ആ നോട്ടീസെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇപ്പോള്‍ നോട്ടീസ് അയച്ചത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ഒന്ന് പേടിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ്. അല്ലാതെ ഇ.ഡി ഒന്നും ചെയ്യില്ല. ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ എതിരാളികളെ ഇ.ഡി വേട്ടയാടുമ്പോള്‍ ഇവിടെ നോട്ടീസ് അയച്ച് ഭയപ്പെടുത്തും. ഇതിന് മുന്‍പും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഒരു നോട്ടീസ് അയച്ചിരുന്നല്ലോ. ആ നോട്ടീസിനെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സി.പി.എം പേടിച്ച് പോകുന്നുമുണ്ട്. അതിന് അപ്പുറത്തേക്ക് അന്വേഷണം പോകില്ല. കേരളത്തിലെ എല്ലാ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും ഇത്തരത്തില്‍ സെറ്റില്‍ ചെയ്തിട്ടുണ്ട്. മസാല ബോണ്ടിന് പിന്നില്‍ അഴിമതയും ദുരൂഹതയും ഭരണഘടനാപരമായ പാളിച്ചകളുമുണ്ട്.

എന്തുകൊണ്ടാണ് ഇത്രയും കാലം നടപടി എടുക്കാതിരുന്നതെന്ന് വ്യക്തമാക്കേണ്ടത് ഇ.ഡി തന്നെയാണ്. എന്നാല്‍ ഗുരുതരമായ അഴിമതിയും നടപടിക്രമങ്ങളുടെ ലംഘനവും ഭരണഘടനാ ലംഘനവും മസാല ബോണ്ടിന് പിന്നിലുണ്ട്. 2150 കോടി രൂപ വാങ്ങിയിട്ട് അഞ്ച് വര്‍ഷത്തിനകം പലിശ ഉള്‍പ്പെടെ 3195 രൂപ തിരിച്ചടച്ചെന്ന് പറയുമ്പോള്‍ അത് സാധാരണ നടക്കുന്ന സംഭവമല്ല. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ നല്‍കിയ സെസും നികുതിയും നല്‍കുന്ന പണം എടുത്താണ് കൊള്ളപ്പലിശ നല്‍കിയത്. ഐസക് ചിരിച്ചു കൊണ്ട് തള്ളിക്കളയേണ്ട കേസല്ല ഇത്. ഗൗരവമുള്ള കേസാണ്. മന്ത്രി എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും കിഫ്ബിയാണ് ചെയ്തതെന്നുമാണ് തോമസ് ഐസക് കോടതിയില്‍ പറഞ്ഞത്.

ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചില്‍ മണി അടിച്ച ലോകത്തിലെ ആദ്യ മുഖ്യമന്ത്രി എന്ന കാമ്പയിന്‍ നടത്തുമ്പോള്‍ കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മണി അടിച്ചതെന്ന് മറന്നു പോയോ. സംസ്ഥാനത്തിന്റെ സോവറിന്‍ ഗ്യാരന്റി നല്‍കിയാണ് കിഫ്ബി കടം വാങ്ങിയത്. എന്നിട്ടാണ് ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് പറയുന്നത്. അന്ന് ഇതൊന്നും അന്വേഷിക്കാതെ മണിയടിക്കാന്‍ പോയത് എന്തിനാണ്? കിഫ്ബി അഭിമാനം ആണെന്ന് പറയുന്നവര്‍ ഇപ്പോള്‍ ഏതോ ഒരു കിഫ്ബി എന്നാണ് പറയുന്നത്. മലയാളികളെ ഇങ്ങനെ ചിരിപ്പിക്കരുതെന്നും സതീസന്‍ കൂട്ടിച്ചേര്‍ത്തു.