- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനത്തില്‍ ജമീലയ്ക്ക് ആയിരങ്ങളുടെ അശ്രുപൂക്കള്‍; സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം
കോഴിക്കോട്: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച കാനത്തില്‍ ജമീല എംഎല്‍എയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് ജമീലയുടെ മൃതദേഹം സംസ്‌കരിക്കുക. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹവുമായി സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങി പൊതുദര്‍ശനത്തിനായി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ മന്ദിരത്തില്‍ എത്തിച്ച കനത്തില്‍ ജമീല എംഎല്‍എയുടെ മൃതദേഹത്തില്‍ സിപിഐ എം നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കുന്നു. തുടര്‍ന്ന് 11 മണി മുതല്‍ കൊയിലാണ്ടി ടൗണ്‍ ഹാളിലും ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദര്‍ശനം ഉണ്ടാകും. മൂന്ന് പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കാനത്തില്‍ ജമീല. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച അവര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ജനകീയസൂത്രണം വഴി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച, കേരള പൊതുരംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വനിതാ നേതാവായിരുന്നു ജമീല.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8572 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല വിജയിച്ചത്. ഈ വിജയത്തിലൂടെ മലബാറില്‍ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ ആദ്യ വനിതാ എംഎല്‍എ എന്ന ചരിത്ര നേട്ടവും അവര്‍ സ്വന്തമാക്കിയിരുന്നു.




