ന്യൂഡല്‍ഹി: പൗരന്റെ സ്വകാര്യതയ്ക്കെതിരെയുള്ള കടന്നാക്രമണമാണ് സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധിതമായി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ടെലികോം വകുപ്പിന്റെ ഉത്തരവെന്നും ഇത് പിന്‍വലിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

സുരക്ഷാ കാര്യങ്ങളാണ് പുറമെ പറയുന്നതെങ്കിലും എല്ലാ ഫോണുകളെയും നിരീക്ഷിക്കാനുള്ള നടപടിയാണിത്. ജനങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ബിഗ് ബ്രദറിന് കാണാനും കേള്‍ക്കാനും അവസരം ഒരുക്കുകയാണിതിലൂടെ. പെഗാസസിന്റെ മുന്‍ അനുഭവം നമുക്കുണ്ട്. സ്വകാര്യത സരംക്ഷിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച തത്വങ്ങള്‍ക്ക് ഘടകവിരുദ്ധമാണിത്. പാര്‍ലമെന്റില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്തെ ഇഡിയുടെ തമാശ മാത്രമാണ് മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്. തെരഞ്ഞെടുപ്പ് കാലം ആയത് കൊണ്ട് ഇപ്പോള്‍ പുറത്തുവിട്ടു. നേരത്തെ മുഖ്യമന്ത്രിയുടെ മകന് നല്‍കിയ നോട്ടീസ് എത്രകാലമാണ് പൂഴ്ത്തിവെച്ചത്.മുഖ്യമന്ത്രിക്കെതിരെ ഇഡി മുന്‍പ് അന്വേഷിച്ച കേസുകളുടെ ഗതി പരുശോധിച്ചാല്‍ ഇതിലെ കള്ളക്കളി വ്യക്തമാകും.ഗൗരവമായ വിഷയങ്ങളിലേക്ക് കടക്കാതെ കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കാരണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഇഡി നോട്ടീസില്‍ ചുമത്തിയത്. ഇതിലൂടെ ഈ നോട്ടീസ് ആളെ പറ്റിക്കാനുള്ള നാടകമാണെന്ന് മനസിലായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഭാഗവാന്റെ സ്വര്‍ണ്ണം കട്ടതിന്റെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ ജയിലില്‍ കിടക്കുന്ന അവസ്ഥ രാജ്യത്തെ വേറെയെവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ഇപ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം സമയം നീട്ടിനല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് അവരുടെ മേലുള്ള ബാഹ്യസമ്മര്‍ദ്ദം കൊണ്ടാണ്.ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഇരിക്കാനും ഇവിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ് മറ്റുവിവാദങ്ങള്‍ക്ക് പിറകെ സര്‍ക്കാരും ചില മാധ്യമങ്ങളും കൂടുന്ന രാഷ്ട്രീയം കേരള ജനത്തിന് ബോധ്യപ്പെടുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.