-കൂടല്‍ : കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ അശ്ലീലവീഡിയോ പ്രദര്‍ശനവും ലൈംഗീകചേഷ്ടയും കാട്ടിയ പ്രതിയെ കൂടല്‍ പോലീസ് അന്വേഷണങ്ങള്‍ക്കൊടുവില്‍ അറസ്റ്റ് ചെയ്തു.തമിഴ് നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി. (42) ആണ് അറസ്റ്റിലായത് .ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞുനിര്‍ത്തിയ പ്രതി കൈവശമിരുന്ന മൊബൈല്‍ ഫോണില്‍ അശ്ലീലവീഡിയോ കാണിക്കുകയും തുടര്‍ന്ന് ലൈംഗീക ചേഷ്ട കാട്ടിയ ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു.കഴിഞ്ഞമാസം 27-ാം തീയതി കാലത്ത് 7.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കേരളത്തില്‍ പലസ്ഥലങ്ങളില്‍ കച്ചവടത്തിനായി വാഴക്കുല എത്തിച്ച് നല്‍കുന്ന പ്രതി പണം കളക്ട് ചെയ്ത് സ്‌കോര്‍പ്പിയോയില്‍ തിരികെ പോകുംവഴി പുനലൂരിലേക്കുളള വഴി ചോദിച്ചാണ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവില്‍ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. കൂടല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ,ഡ്രൈവര്‍ എസ്.സി.പി.ഒ ഹരിദാസ് ,സി.പി.ഒ ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്രതിയെ റിമാന്റ് ചെയ്തു