വെച്ചൂര്‍: നെല്ല് സംഭരിക്കാന്‍ ചാക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് വെച്ചൂരില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ 500 ടണ്‍ നെല്ല് കൂട്ടിയിട്ടിരിക്കുന്നു. മില്ല് ഉടമകള്‍ ചാക്ക് ലഭ്യമാക്കാത്തതാണ് പ്രശ്നത്തിന് കാരണം. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയില്‍. 228 ഏക്കറുള്ള അയ്യനാടന്‍ പുത്തന്‍കരി പാടശേഖരത്തിലാണ് കൊയ്ത്ത് കഴിഞ്ഞ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. ഇടയ്ക്കിടെ മഴയും എത്തിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി.

നാലുദിവസം മുമ്പാണ് പാടശേഖരത്തെ കൊയ്ത്ത് പൂര്‍ത്തിയായത്. തുടര്‍ന്ന് 70 ഏക്കര്‍ സ്ഥലത്തെ നെല്ല് സംഭരിച്ചു. ഇതിനിടെയാണ് കര്‍ഷകര്‍ക്ക് ചാക്ക് ലഭ്യമാക്കാന്‍ മില്ല് ഉടമകള്‍ക്ക് കഴിയാതെ പോയത്. നിലവില്‍ 500 ടണ്‍ നെല്ല് സംഭരിക്കാതെ പാടശേഖരത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

മഴ പെയ്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. ഈര്‍പ്പം ഉണ്ടാകാതിരിക്കാന്‍ പടുത ഇട്ട് മൂടിയ നെല്ല് പലതവണ വെയില്‍ കാണിച്ചാണ് കര്‍ഷകര്‍ സംരക്ഷിക്കുന്നത്. കര്‍ഷകര്‍ വെച്ചൂര്‍ കൃഷിഭവനില്‍ എത്തി പ്രതിഷേധിച്ചു. പ്രശ്നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചതായി അയ്യനാടന്‍ പുത്തന്‍കരി പാടശേഖരസമിതി സെക്രട്ടറി ബിജു കൂട്ടുങ്കല്‍ പറഞ്ഞു.