പെരിന്തല്‍മണ്ണ: ചികിത്സയുടെ പേരില്‍ മാനസികവെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആത്മീയ ചികിത്സകന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) നെ ആണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് ആത്മീയചികിത്സ നടത്തിയിരുന്നത്. കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.

പെരിന്തല്‍മണ്ണയില്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ചികിത്സനടത്താന്‍ എത്തുന്നത്. 2024 ഒക്ടോബറില്‍ കുട്ടിയുടെ മുത്തശ്ശിയാണ് പെരിന്തല്‍മണ്ണയിലെ ചികിത്സയ്ക്ക് കൊണ്ടുവന്നത്. തുടര്‍ചികിത്സയ്ക്ക് കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യം നേരിടുന്നത്. പ്രതി ചികിത്സനടത്തുന്ന കെട്ടിടത്തിലെ രണ്ടാംനിലയിലെ അടച്ചിട്ടമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.

തുടര്‍ന്ന് അഞ്ചുതവണ പ്രതിയില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടു. ഈ കാര്യം കുട്ടി സ്‌കൂളിലെ സുഹൃത്തിനോട് പറയുകയായിരുന്നു. സുഹൃത്ത് സ്‌കൂളിലെ കൗണ്‍സലര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് പാലക്കാട് ചൈല്‍ഡ് ലൈനില്‍ വിവരംകൈമാറി. ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനയും നടത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.