മലപ്പുറം: നിലമ്പൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കുറത്തിയാര്‍ പൊയില്‍ സ്വദേശി മുഹമ്മദ് ഷാഹുല്‍, പുളിക്കലോടി സ്വദേശികളായ സുബൈര്‍ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികള്‍ക്ക് കുരുക്കായത്. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് പ്രതികള്‍ കാര്‍ കത്തിച്ചത്. വീടിന് സമീപം വെച്ച് ബൈക്കില്‍ വന്ന് നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നരയോടെയാണ് കാര്‍ കത്തിച്ചത്. തലേന്ന് ബാറില്‍ നിന്ന് മദ്യം വാങ്ങി പോകുകയായിരുന്ന മൂന്ന് പേര്‍ ഈ വീടിന് മുന്നില്‍ വെച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ ക്ഷുഭിതരായി. ഗേറ്റ് തുറന്ന് വീടിന്റെ മുറ്റത്ത് എത്തിയ സംഘം മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും പ്ലാസ്റ്റിക് കവറുകളില്‍ കൊണ്ടുവന്ന പെട്രോള്‍ ഉപയോഗിച്ച് മറ്റു രണ്ടു കാറുകള്‍ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ തീ അണച്ചു. കത്തിച്ച കാറില്‍ ടാങ്ക് നിറയെ പെട്രോള്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നിരുന്നെങ്കില്‍ കാര്‍ കത്തി പൊട്ടിത്തെറിക്കാനും വീട്ടിലേക്ക് വ്യാപിക്കാനും ഇടയാകുമായിരുന്നു. അക്രമം നടത്തിയവര്‍ കാര്‍ കത്തിക്കുമ്പോള്‍ മുഖം മറച്ചിരുന്നു. എന്നാല്‍ മുഖം മറക്കാതെയാണ് പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങിയത്. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതികളുടെ മുഖം തിരിച്ചറിഞ്ഞത്. ഇതോടെ അന്വേഷണം യുവാക്കളിലേക്കെത്തുകയായിരുന്നു.