തിരുവനന്തപുരം: കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ്(60) മരണപ്പെട്ട സാഹചര്യത്തില്‍ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചതായി വരണാധികാരിയായ സബ്കളക്ടര്‍ ഒ.വി.ആല്‍ഫ്രഡ് അറിയിച്ചു.

വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തീയതിയും തുടര്‍നടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കും.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ജസ്റ്റിന്‍ ഫ്രാന്‍സിസ്. കഴിഞ്ഞ ശനിയാഴ്ച ഞാറവിള-കരയടിവിള റോഡിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം. വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.