തിരുവനന്തപുരം : പ്രത്യയ ശാസ്ത്ര പരമായി ആര്‍എസ്എസിനെ അംഗീകരിച്ച ശേഷം രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ തുടരുന്ന രീതിയാണ് കേരളത്തില്‍ പലര്‍ക്കുമെന്ന് വ്യവസായ - നിയമ മന്ത്രി പി രാജീവ്. സംഘപരിവാര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചില്ലെങ്കിലും പ്രത്യയശാസ്ത്രം സ്വീകരിച്ചുകൊണ്ട് എംപിമാരും എംഎല്‍എമാരുമൊക്കെ ആയവരുണ്ട്. കേരളത്തില്‍ ചിലര്‍ പ്രത്യയശാസ്ത്രം മനസില്‍ സ്വീകരിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ തന്നെ തുടരുന്നുണ്ട്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ പിന്തുണച്ചുകൊണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം കോണ്‍ഗ്രസില്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. പണ്ട് ദ്വയാംഗത്വ പ്രശ്‌നം ജനത പാര്‍ടിയില്‍ വന്നിരുന്നു. ജനസംഘത്തിലും ആര്‍എസ്എസിലും പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കമുണ്ടായത്. അതേപോലെയൊരു പ്രശ്‌നമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ വരുന്നത്. മനസുകൊണ്ട് ദ്വയാംഗത്വം എന്ന പ്രശ്‌നം.

പ്രത്യയ ശാസ്ത്ര പരമായി ആര്‍എസ്എസിനെ അംഗീകരിക്കുന്നു. രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ തുടരുന്നു. അതാണ് പലരുടെ കാര്യത്തിലും കാണുന്നത്. നാട് അഭിമുഖീകരിക്കുന്ന ഗൗരവതരമായ പ്രശ്‌നങ്ങളിലൊന്നാണിത്- മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരെ നില്‍ക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ് എന്ന് ജനങ്ങള്‍ക്ക് പൊതുവെ മനസിലാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സംവിധായന്‍ ലാലിന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്ന പല അവകാശവാദങ്ങളുമാണ് പൊളിഞ്ഞത്. കണ്‍വീനറുടെ പരാമര്‍ശവും ഇത് വ്യക്തമാക്കി. അവരുടെ നിലപാടാണ് കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.-രാജീവ് പറഞ്ഞു.