കൊല്ലം: കൊല്ലം അഞ്ചലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ്. കരവാളൂര്‍ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവര്‍ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അഞ്ചല്‍ പുനലൂര്‍ റൂട്ടില്‍ മാവിളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ജ്യോതി ലക്ഷ്മിയുടെ വീട്ടില്‍ നിന്ന് ശ്രുതി ലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനികളെന്നാണ് വിവരം. ശബരിമലയില്‍ നിന്ന് ആന്ധ്ര പ്രദേശില്‍ നിന്നുള്ള തീര്‍ഥാടകരുമായി മടങ്ങുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല.

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിദ്യാര്‍ഥിനികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ശ്രുതി ലക്ഷ്മി പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ജ്യോതി ലക്ഷ്മി ബാംഗ്ലൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുമാണെന്നാണ് വിവരം. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.