കൊല്ലം: വയോധികനെ റോഡില്‍ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണും പണവും അപഹരിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പവിത്രേശ്വരം കാരുവേലില്‍ സ്വദേശി 65കാരനായ നടരാജന്റെ ഫോണും പണവും അപഹരിച്ച കേസിലാണ് അറസ്റ്റ്. എഴുകോണ്‍ സ്വദേശികളായ പ്രശാന്തന്‍, സുദീപന്‍ എന്നിവരെയാണ് എഴുകോണ്‍ പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ഏഴാം തിയതി എഴുകോണ്‍ കാരുവേലില്‍ തുരുത്തേല്‍ മുക്കിലായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനു സമീപമുള്ള കടയില്‍ പോയി നടരാജന്‍ തിരികെ വരവെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ എത്തി നടരാജനോട് വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ പ്രതികള്‍ പുറത്തിറങ്ങി പോക്കറ്റില്‍ ഉണ്ടായിരുന്ന പണവും ഫോണും തട്ടിയെടുത്തു. തടയാന്‍ ശ്രമിക്കവേ നടരാജനെ റോഡിലേക്ക് തള്ളിയിട്ട ശേഷം ഓട്ടോറിക്ഷയില്‍ കടന്നു കളയുകയായിരുന്നു.

നടരാജന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എഴുകോണ്‍ പൊലീസ്, സിസിടിവികള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.