പാലക്കാട്: പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഎം ബ്രാഞ്ച് അംഗമായും ആറ് വര്‍ഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുണ്ട്. 2014 മുതല്‍ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ബാലഗംഗാധരനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായാണ് താന്‍ ബിജെപിയിലേക്ക് ചേര്‍ന്നതെന്നാണ് ബാലഗംഗാധരന്റെ വിശദീകരണം. സത്യം പറഞ്ഞതിന് സിപിഎം തന്നെ മാറ്റി നിര്‍ത്തിയെന്നും പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമാകുന്നുവെന്നും ബാലഗംഗാധരന്‍ ആരോപിച്ചു.

ബിജെപിയുടെ വിജയാഘോഷത്തില്‍ നൃത്തം; വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത് നൃത്തം വെച്ചതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി അഞ്ജു സന്ദീപ്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്ന് പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഞ്ജു സന്ദീപ് വ്യക്തമാക്കി. പാര്‍ട്ടി നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകനടത്തില്‍ പങ്കെടുത്തതെന്നും വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ഒപ്പം നൃത്തം വെച്ചതെന്നും അഞ്ജു സന്ദീപ് പറഞ്ഞു. തന്റേത് പാര്‍ട്ടി കുടുംബമാണെന്നും ഭര്‍ത്താവ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്നും അഞ്ജു പറഞ്ഞു.

വ്യക്തി ബന്ധങ്ങളുടെ പേരില്‍ നൃത്തം വെച്ചത് ഇത്രയും വലിയ വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഞ്ജു സന്ദീപ് പറഞ്ഞു. ചെറുപ്പം മുതലെ കമ്യൂണിസ്റ്റുകാരിയാണ്. ഇപ്പോഴും അതിനൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അഞ്ജു പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച അഞ്ജു കാരാക്കുറിശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയില്‍ പങ്കെടുത്താണ് അഞ്ജു നൃത്തം ചെയ്തത്.