കോഴിക്കോട്: പരീക്ഷാ സമയത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ചു എന്ന കേസില്‍ പ്രതിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു. കൊടുവള്ളി മാനിപുരം കളരാന്തിരി ചന്ദനം പുറത്ത് അബ്ദുല്‍ മജീദിനെയാണ് നിരപരാധിയെന്നു കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സ്‌പെഷല്‍ പോക്‌സോ കോടതി വിട്ടയച്ചത്.

2022 ഓഗസ്റ്റ് 29ന് ഓണപ്പരീക്ഷയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ദുരുപയോഗം ചെയ്ത് കെട്ടിച്ചമച്ച കേസാണെന്നും പരീക്ഷാ സമയത്ത് മറ്റു കുട്ടികളുടെ മുന്നില്‍ ഇത്തരമൊരു സംഭവം നടക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്കു വേണ്ടി അഡ്വ. പി.വി.ഹരി കോടതിയില്‍ ഹാജരായി.