ചാലക്കുടി: കുടുംബനാഥനെ ജപ്തിനടപടിയെത്തുടര്‍ന്ന് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെട്ടുകടവ് ചിറയ്ക്കല്‍ വീട്ടില്‍ സോമസുന്ദരപ്പണിക്കര്‍ (64) ആണ് മരിച്ചത്. വീടിനകത്ത് ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കെട്ടഴിച്ചുമാറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സ്വകാര്യസ്ഥാപനത്തില്‍നിന്നെടുത്ത വായ്പയില്‍ ഒരുകോടിയിലധികം രൂപ കുടിശ്ശികയായതിനെ തുടര്‍ന്ന് ബാങ്ക് വീട് ജപ്തി ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ.

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുരിങ്ങൂരിലെ സ്വകാര്യസ്ഥാപനത്തില്‍നിന്ന് 2016-ല്‍ ആണ് വീട് പണയപ്പെടുത്തി 80 ലക്ഷം രൂപ വായ്പയെടുത്തത്. ആദ്യം സൗത്ത് ജങ്ഷനില്‍ ഗ്യാസ് ഏജന്‍സി നടത്തിയിരുന്നു. പിന്നീട് അത് നിര്‍ത്തി. കുറച്ചുകാലം കൃഷിയിലും ഏര്‍പ്പെട്ടു. തിരിച്ചടവ് മുടങ്ങി കുടിശ്ശിക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട സബ് കോടതിയില്‍ കേസ് നടക്കുകയായിരുന്നു. പണയപ്പെടുത്തിയ വീട് ജപ്തിചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഒരാഴ്ചമുന്‍പ് ആമീനെത്തി ആദ്യ അറിയിപ്പ് നല്‍കി.

ബുധനാഴ്ച ജപ്തിനടപടികള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഹൈക്കോടതിയില്‍നിന്ന് സ്റ്റേ കിട്ടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ചാലക്കുടി പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ലതികയാണ് സോമസുന്ദരപ്പണിക്കരുടെ ഭാര്യ.