തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പേരൂര്‍ക്കട വഴയില റോഡില്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓര്‍ഡിനറി ബസിലാണ് തീപിടിച്ചത്. വഴയിലയിലെ പള്ളിക്ക് സമീപമെത്തിയപ്പോഴാണ് പുക ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. ഗിയര്‍ ലിവറിന്റെ ഭാഗത്ത് നിന്നാണ് പുക ഉയര്‍ന്നത്.

അപകട സമയത്ത് മുപ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പുക കണ്ടതോടെ ബസ് റോഡിന് അരികിലായി നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഒപ്പം ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. അടുത്ത് നിന്നും ബക്കറ്റില്‍ വെള്ളമെടുത്ത് ജീവനക്കാര്‍ തീയണയ്ക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെ ഇവര്‍ ബസിന്റെ ബാറ്ററിയുമായുള്ള ബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരം യൂണിറ്റില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജികുമാര്‍, ഷഹീര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് പാഞ്ഞെത്തി അരമണിക്കൂറോളം പമ്പ് ചെയ്താണ് തീയണച്ചത്. ജീവനക്കാരുടെ സമയോചിതമായ ഇടപടലുണ്ടായതാണ് യാത്രക്കാര്‍ക്ക് യാതൊരു പരുക്കുമില്ലാതെ രക്ഷിക്കാനായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗിയര്‍ ബോക്‌സിനും എന്‍ജിനും സമീപമുള്ള ഭാഗം കത്തിപ്പോയ നിലയിലാണ്. ബസ് ഡിപ്പോയിലേക്ക് മാറ്റുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.