ചാലക്കുടി: രാത്രിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടികളെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാതിരുന്നതായി പരാതി. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം. പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങിയ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാര്‍ഥിനികള്‍ അങ്കമാലിയില്‍നിന്നാണ് ബസ് കയറിയത്. രാത്രി ഒമ്പതരയോടെകൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിര്‍ത്താന്‍ കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ലെന്നാണ് പരാതി.

ഇടുക്കി സ്വദേശി ഐശ്വര്യ എസ്.നായര്‍, പത്തനംതിട്ട സ്വദേശി ആല്‍ഫ പി.ജോര്‍ജ് എന്നിവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോള്‍ ഇവിടെ ഇറങ്ങണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവറും കണ്ടക്ടറും അതിന് തയ്യാറാകാതിരുന്നതോടെ കുട്ടികള്‍ കരച്ചിലായി. വിദ്യാര്‍ത്ഥിനികളുടെ നിസഹായാവസ്ഥകണ്ട് യാത്രക്കാരും ഇടപെട്ടു. പെണ്‍കുട്ടികളോട് മാനുഷിക പരിഗണന കാണിക്കണമെന്നും പൊങ്ങത്തു ബസ് നിര്‍ത്തി നല്‍കണമെന്നും സഹയാത്രികര്‍ ബസ് കണ്ടക്ടറോടും ഡ്രൈവറോടും ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല.

ഇതോടെ യാത്രക്കാര്‍ കൊരട്ടി പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി നല്‍കാമെന്നു കണ്ടക്ടര്‍ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാല്‍ തിരികെപ്പോകാന്‍ വഴി അറിയില്ലെന്ന് കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് ഇറക്കിയത്. രാത്രി യാത്രക്കാരായ വിദ്യാര്‍ഥിനികളോടു മാനുഷിക പരിഗണന കാണിക്കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

വിവരം അറിഞ്ഞ് ചാലക്കുടി എസ്എച്ച്ഒ എം.കെ. സജീവിന്റെ നേതൃത്വത്തില്‍ പൊലീസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി. ഇവരെ പൊങ്ങത്ത് എത്തിക്കാന്‍ പൊലീസ് സന്നദ്ധരായെങ്കിലും കോളജ് അധികൃതര്‍ വരുമെന്ന് അറിയിച്ചതോടെ അവരുടെ കൂടെ വിട്ടയയ്ക്കുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്കു പരാതി നല്‍കി.