മേലാറ്റൂര്‍: റോഡരികില്‍നിന്ന് വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്‍കി ഓട്ടോഡ്രൈവര്‍. മേലാറ്റൂര്‍ പാര്‍ക്കിലെ ഓട്ടോ ഡ്രൈവറും കിഴക്കുംപാടം സ്വദേശിയുമായ മറ്റത്തൂര്‍ മുഹമ്മദ് നിസാറാണ് ആഭരണത്തിന്റെ ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തിയത്. ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ തനിക്ക് വീണുകിട്ടിയ രണ്ടു പവനിലധികം തൂക്കംവരുന്ന സ്വര്‍ണാഭരണം ഉടമസ്ഥയ്ക്ക് തിരിച്ചുനല്‍കുകയും ചെയ്തു.

പുല്ലിക്കത്ത് സ്വദേശിനി പുത്തന്‍പീടിക സൈനബ (67) യുടേതായിരുന്നു സ്വര്‍ണാഭരണം. നവംബര്‍ നാലിന് പകല്‍ 11-ഓടെയാണ് പുല്ലിക്കുത്ത് പച്ചക്കറിച്ചന്ത നടക്കുന്ന സ്ഥലത്തുനിന്നും നിസാറിന് സ്വര്‍ണാഭരണം വീണുകിട്ടിയത്. ഉടന്‍തന്നെ അത് ജൂവലറിയില്‍ കൊണ്ടുപോയി പരിശോധിച്ച് സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തിയശേഷം മേലാറ്റൂര്‍ പോലീസില്‍ ഏല്പിച്ചു. സ്വര്‍ണം പോലിസില്‍ ഏല്‍പ്പിച്ചെങ്കിലും നിസാര്‍ ഇതിന്റെ ഉടമയ്ക്കായി അന്വേഷണം തുടങ്ങി.

സ്വര്‍ണാഭരണം വീണുകിട്ടിയ വിവരം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്തു. വെള്ളിയാഴ്ച മേലാറ്റൂര്‍ പോലീസ്സ്റ്റേഷനിലെത്തിയ സൈനബ, സ്വര്‍ണാഭരണം തിരിച്ചറിഞ്ഞു. അവര്‍പറഞ്ഞ തെളിവുകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ നിസാറിന്റെ സാന്നിധ്യത്തില്‍ ആഭരണം പോലീസ് സൈനബയ്ക്ക് കൈമാറി. 15 വര്‍ഷത്തോളമായി മേലാറ്റൂര്‍ അങ്ങാടിയില്‍ ഓട്ടോ ഡ്രൈവറാണ് നിസാര്‍.