കോട്ടയം: നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ നിയുക്ത പഞ്ചായത്ത് അംഗം മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ പ്രസാദ് നാരായണന്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് പ്രസാദ് നാരായണന്‍ ജയിച്ചത്. ആറ് തവണ കോണ്‍ഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചു. 30 വര്‍ഷമായി പഞ്ചായത്തംഗമായിരുന്നു.

നാളെയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോര്‍പറേഷനുകളില്‍ പകല്‍ 11.30നുമാണ് ചടങ്ങ്. മുന്നണികള്‍ക്ക് തുല്യ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്തിന് നറുക്കെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളില്‍ 27നും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 26നുമാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേണ്ടത്.