തൃശൂര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ തൃശൂരില്‍. സ്‌കൂള്‍ കലോത്സവത്തിന്റെ 64-ാം പതിപ്പ് തൃശൂരില്‍ ജനുവരി 14 മുതല്‍ 18 വരെ നടക്കും. കലോത്സവത്തിന് മുന്നോടിയായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ എന്നിവര്‍ തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷെഡ്യൂള്‍ പ്രകാശനം ചെയ്തു . സമാപനചടങ്ങില്‍ മുഖ്യാതിഥിയായി സിനിമാതാരം മോഹന്‍ലാല്‍ പങ്കെടുക്കും.

തേക്കിന്‍കാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10.00 മണിക്ക് തേക്കിന്‍ക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാലയെന്ന് മന്ത്രിമാര്‍ അറിയിച്ചു. അറബിക് കലോത്സവവും ഒപ്പം നടക്കുമെന്നും മന്ത്രിമാര്‍ വിവരിച്ചു.

പ്രധാന വേദിയായ തേക്കിന്‍ക്കാട് മൈതാനം ഉള്‍പ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജനുവരി 14- ന് രാവിലെ 10.00 മണിക്ക് ഒന്നാം വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് വെച്ച് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 18-ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മലയാളത്തിന്റെ അഭിമാന താരം പത്മഭൂഷണ്‍ മോഹന്‍ലാല്‍ പങ്കെടുക്കും.

പ്രധാന വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹര്‍ ബാലഭവനില്‍ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസില്‍ വെച്ച് നടക്കും.

പാലസ് ഗ്രൗണ്ടിലാണ് മത്സരാര്‍ഥികള്‍ക്കും അതിഥികള്‍ക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് എച്ച്.എസ്.എസില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഗവണ്‍മെന്റ് മോഡല്‍ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്.

പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ മുഖ്യരക്ഷാധികാരികളായും, റവന്യൂ വകുപ്പ് മന്ത്രി സംഘാടകസമിതി ചെയര്‍മാനായും കലോത്സവത്തിന് നേതൃത്വം നല്‍കുന്നു. എ.സി. മൊയ്തീന്‍ എം.എല്‍.എ ആണ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉമേഷ് എന്‍.എസ്.കെ ആണ് ജനറല്‍ കോര്‍ഡിനേറ്റര്‍.

അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തില്‍ 19 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളും ആണ് ഉള്ളത്. മത്സരാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികള്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

കലോത്സവത്തെ വരവേല്‍ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് തൃശൂരില്‍ ഒരുങ്ങുന്നത്. കലോത്സവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും മത്സരഫലങ്ങള്‍ക്കുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

കേരളത്തിന്റെ സമ്പന്നമായ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ചുകൊണ്ട് അനില്‍ ഗോപന്‍ തയ്യാറാക്കിയ ലോഗോ ആണ്‌സ് കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ആയി തിരഞ്ഞെടുത്തിട്ടുള്ളത്.