പത്തനംതിട്ട: ഒരു പതിറ്റാണ്ട് നീണ്ടുനിന്ന വാടകവീട്ടിലെ ജീവിതത്തില്‍ നിന്ന് ചലന പരിമിതനായ അമല്‍ അമ്മയെയും ചേര്‍ത്ത് പിടിച്ച് നടന്നു കയറിയത് പുതുജീവിതത്തിലേയ്ക്ക്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ ഭാഗമായി ഏനാദിമംഗലം പൂതങ്കര നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ഇവര്‍ ഏറ്റുവാങ്ങിയത് നിറകണ്ണുകളോടെയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടതോടെ രമാദേവിക്കും മക്കള്‍ക്കും വാടകവീട്ടിലേയ്ക്ക് മാറേണ്ടി വന്നിരുന്നു. ആ ദുരിതങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി മകന്‍ അമലിന് വിദേശത്ത് വച്ച് അപകടമുണ്ടായി നട്ടെല്ല് തകര്‍ന്ന് കിടപ്പിലാകുന്നത്.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചികിത്സയ്ക്കൊടുവില്‍ അമലിന് കുറച്ച് ഭേദമായെങ്കിലും ഇന്നും വീല്‍ചെയറിലാണ് തന്റെ ജീവിതം മുന്നോട്ടുപോകുന്നത്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ആ വാടകവീട്ടില്‍ നിന്നും ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് കരുതിയ സ്വപ്നത്തിലേയ്ക്കാണ് അമലും അമ്മയും ചേട്ടന്‍ അഖിലും നടന്നടുക്കുന്നത്. രണ്ട് മക്കളുടെ ഉത്തരവാദിത്വവും പേറി വാടക കൊടുക്കാനാവാതെ സാമ്പത്തികമായി പ്രതിസന്ധിയില്‍ കഴിയുമ്പോഴാണ് മാജിക് ഹോം പദ്ധതിയില്‍ ഇവര്‍ അര്‍ഹത നേടുന്നത്. പൂതങ്കര സ്വദേശി കെ.ബി. സജി സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് ഭൂമിയില്‍ 600 ചതുരശ്രയടിയില്‍ ഭിന്നശേഷി മാതൃകാ ഭവനം ഒരുക്കുകയായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു വലിയ സ്വപ്നമാണ് ഗോപിനാഥ് മുതുകാടിന്റെ സുമനസുകൊണ്ട് വന്നുചേര്‍ന്നത്. കുടുംബത്തിന് താങ്ങാവേണ്ട മകന് വന്ന ഈ ദുരവസ്ഥ ഞങ്ങളെ ആകെ തകര്‍ത്തിരുന്നു. ആ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി പ്രകാരം വീട് സ്വന്തമായതെന്നും രമാദേവി പറഞ്ഞു.

വീടിന്റെ താക്കോല്‍ സംവിധായകന്‍ ബ്ലെസി, സാഹിത്യകാരന്‍ ബെന്യാമിന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് കൈമാറി. മറ്റൊരാള്‍ക്ക് നേടിക്കൊടുക്കുവാനുള്ള മനസ്സൊരുക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. മനുഷ്യ നന്മ കൊണ്ട് മുതുകാട് വീണ്ടും വീണ്ടും വിസ്മയം തീര്‍ക്കുകയാണ് മാജിക് ഹോം ഭവന പദ്ധതിയിലൂടെ എന്ന് ബ്ലസി അഭിപ്രായപ്പെട്ടു. അധികം വന്നത് കൊടുക്കുകയല്ല ഉള്ളതുകൂടി കൊടുക്കലാണ് കാരുണ്യം. വീട് തന്നെ ഉപേക്ഷിച്ച് നാടുവിട്ടു പോകുന്ന ഈ കാലഘട്ടത്തിലാണ് ഒരു വീട് തന്നെ നിര്‍മ്മിച്ചു നല്‍കി ചേര്‍ത്തുനിര്‍ത്തുന്ന മാജിക് ഹോം പദ്ധതി ശ്രദ്ധേയമാകുന്നതെന്ന് ബെന്യാമിനും അഭിപ്രായപ്പെട്ടു. ഗാന്ധിഭവന്‍ ഫെയറി ലാന്‍ഡ് ചെയര്‍മാന്‍ സജി എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്തംഗം സുജ അശോക് എന്നിവര്‍ പങ്കെടുത്തു. ജനക കണ്‍സ്ട്രക്ഷന്‍സിന്റെ നേതൃത്വത്തില്‍ ജി.രഘുനാഥന്‍ പിള്ള ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു.