തിരുവനന്തപുരം: ലോകകേരള സഭയുടെ അടുത്ത സമ്മേളനം 2026 ജനുവരിയില്‍ തിരുവനന്തപുരത്ത്. സാധാരണഗതിയില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന ഈ സഭയുടെ നാലാം പതിപ്പ് 2024 ജൂണിലായിരുന്നു നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികളെയും കേരളത്തിലെ ജനപ്രതിനിധികളെയും ഒരുമിച്ച് ചേര്‍ത്ത് പ്രവാസി ക്ഷേമവും കേരളത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ 2026 ജൂണില്‍ ലോക് കേരള സഭ നടത്തിയാല്‍ മതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റിരുന്നു. ഇനി ഭരണ തുടര്‍ച്ചയില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പേ ലോകകേരള സഭ നടത്തുന്നത്.

അടുത്ത സമ്മേളനത്തില്‍ പ്രവാസികളുടെ പുനരധിവാസം, വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. പ്രവാസി നിക്ഷേപകര്‍ക്കായി പ്രത്യേക ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതും സര്‍ക്കാര്‍ സേവനങ്ങള്‍ വിദേശത്തിരുന്നുതന്നെ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിപുലീകരണവും സമ്മേളനത്തിന്റെ മുഖ്യ അജണ്ടകളായിരിക്കും. പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് വിദഗ്ധ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടക്കും.

സമ്മേളനത്തില്‍ പങ്കെടുക്കേണ്ട പ്രവാസി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. മുന്‍ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ പുരോഗതി വിലയിരുത്തുന്ന റിപ്പോര്‍ട്ടും അഞ്ചാം സഭയില്‍ അവതരിപ്പിക്കും. പ്രവാസികളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍കിട പദ്ധതികളുടെ രൂപരേഖയും ഈ സംഗമത്തില്‍ ചര്‍ച്ചയാകും. പ്രതിപക്ഷം സഹകരിക്കാതിരിക്കാനാണ് സാധ്യത.