കൈപ്പട്ടൂര്‍: ഒഴുക്കില്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ അച്ചന്‍കോവിലാറ്റില്‍ കാണാതായി. കൈപ്പട്ടൂര്‍ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകന്‍ അശ്വിനെ (23) ആണ് കാണാതായത്. അച്ചന്‍കോവിലാറ്റില്‍ കൈപ്പട്ടൂര്‍ പാലത്തിനുതാഴെ മാത്തൂര്‍ കടവില്‍ കൂട്ടുകാരുമൊത്ത് കളിക്കവെയാണ് അപകടം.

വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അശ്വിനും ഇളയ സഹോദരനും കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കുവാനിറങ്ങിയതാണ്. ഇതിനിടെ സഹോദരന്‍ കയത്തില്‍ അകപ്പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അശ്വിന്‍ ആറ്റിലെ ശക്തമായ ഒഴുക്കില്‍പ്പെട്ടു. അനുജനെ കൂട്ടുകാര്‍ രക്ഷിച്ചു. പത്തനംതിട്ടയില്‍നിന്ന് അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാടീമെത്തി രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ തുടരും.