പന്തളം: അനാരോഗ്യംകാരണം ഒഴിവായ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയ്ക്ക് പകരം ഇക്കുറി തിരുവാഭരണ വാഹകസംഘത്തെ നയിക്കുന്നത് മരുതവനയില്‍ ശിവന്‍കുട്ടി. എഴുപത്തഞ്ചുകാരനായ ശിവന്‍കുട്ടിയെ ഗുരുസ്വാമിയായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം ചുമതലപ്പെടുത്തി.

മങ്ങാരം മരുതവനയില്‍ നാരായണപിള്ളയുടെയും ജാനകി അമ്മയുടെയും മകനായി 1950 ല്‍ ആണ് ശിവന്‍കുട്ടിയുടെ ജനനം. കഴിഞ്ഞ 40 വര്‍ഷക്കാലമായി തിരുവാഭരണ വാഹകസംഘത്തിലുണ്ട്. പരേതനായ മുന്‍ ഗുരുസ്വാമി ഭാസ്‌കരപിള്ള ബന്ധുവാണ്. ഭാസ്‌കരന്‍ പിള്ളയാണ് ശിവന്‍കുട്ടിയെ വാഹകസഘത്തില്‍ കൊണ്ടുവന്നത്. തികഞ്ഞ അയ്യപ്പ ഭക്തനാണ് ശിവന്‍കുട്ടി. വര്‍ഷങ്ങളായി ഭാഗവത പാരായണം നടത്തി വരുന്നു.

കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് എന്‍. ശങ്കര്‍ വര്‍മ, സെക്രട്ടറി എം. ആര്‍. സുരേഷ് വര്‍മ്മ, ട്രഷറര്‍ എന്‍. ദീപാവര്‍മ്മ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ മരുതവന ശിവന്‍കുട്ടിയെ ഗുരുസ്വാമിയായി പ്രഖ്യാപിച്ചത്.