മലപ്പുറം: വീടിനു പുറത്ത് അസാധാരണ ശബ്ദം കേട്ട് വാതില്‍ തുറന്ന വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് മൂന്നംഗ സംഘം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. വണ്ടൂര്‍ അമ്പലപ്പടി ബൈപ്പാസിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന കെ. ചന്ദ്രമതിയുടെ (63) രണ്ട് പവന്‍ സ്വര്‍ണ്ണവളകളാണ് മുഖംമൂടി സംഘം കൊണ്ടു പോയത്. മല്‍പ്പിടുത്തത്തിനിടയില്‍ വീണ് പരിക്കേറ്റ ചന്ദ്രമതിയെ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്ത് പടക്കം പൊട്ടുന്നത് പോലുള്ള ശബ്ദം കേട്ട്, വാട്ടര്‍ ടാങ്കിന് മുകളില്‍ തേങ്ങ വീണതാകാമെന്ന് കരുതി അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയ ചന്ദ്രമതിയെ കാത്തുനിന്ന സംഘം ആക്രമിക്കുകയായിരുന്നു. മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി വിതറിയ ശേഷം ഒരാള്‍ ചന്ദ്രമതിയുടെ വായ പൊത്തിപ്പിടിച്ചു. മറ്റൊരാള്‍ കൈയിലുണ്ടായിരുന്ന വളകള്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഊരാന്‍ കഴിയാതെ വന്നതോടെ പ്ലെയര്‍ പോലുള്ള ഉപകരണം ഉപയോഗിച്ച് വളകള്‍ മുറിച്ചെടുത്താണ് സംഘം കടന്നുകളഞ്ഞത്.

മങ്കി ക്യാപ്പ് ധരിച്ചാണ് മൂന്നുപേരും എത്തിയത്. നിലത്തു വീണ ചന്ദ്രമതി ബഹളം വെച്ചതോടെ അടുത്തുള്ള ബന്ധുക്കള്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്ന് പരിസരപ്രദേശങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തി. വിമുക്തഭടന്‍ പരേതനായ വിജയകുമാറിന്റെ ഭാര്യയാണ് ചന്ദ്രമതി. സംഭവത്തില്‍ വണ്ടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.