തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തില്‍ പ്രീമിയം തുക കുത്തനെ വര്‍ധിപ്പിച്ചു. ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന പുതിയ ഘട്ടത്തില്‍ പ്രതിമാസ പ്രീമിയം 500 രൂപയില്‍ നിന്ന് 810 രൂപയായാണ് ഉയരുന്നത്.

2028 ഡിസംബര്‍ വരെ കാലാവധിയുള്ള രണ്ടാം ഘട്ടത്തിലും ആദ്യ ഘട്ടം നടപ്പാക്കിയ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി തന്നെയാണ് പദ്ധതി തുടരുന്നത്. പ്രീമിയം വര്‍ധിച്ചെങ്കിലും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ അംഗങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഷുറന്‍സ് കമ്പനിക്കുണ്ടായ അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് പ്രീമിയം തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും പിടിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാകും.