ഗുവാഹത്തി: അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വീണ്ടും സംഘര്‍ഷം. കര്‍ബി ആംഗ്ലോങ് സ്വയംഭരണ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് മെംബര്‍ തുലിറാം റൊങ്ഹാങ്ങിന്റെ വസതിക്ക് പ്രക്ഷോഭകര്‍ തീയിട്ടു. വെസ്റ്റ് കര്‍ബി ആംഗ്ലോങ്ങിലെ ഡോങ്കമുഖാമിലുള്ള വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഖെറോണി-ഡോങ്കമുഖം മേഖലയിലെ വില്ലേജ് ഗ്രേസിംഗ് റിസര്‍വ് , പ്രൊഫഷണല്‍ ഗ്രേസിംഗ് റിസര്‍വ് ഭൂമിയില്‍ നിന്ന് അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭമാണ് അക്രമാസക്തമായത്. തിങ്കളാഴ്ച പുലര്‍ച്ചെ നിരാഹാര സമരം നടത്തിയിരുന്നവരെ പോലീസ് നിര്‍ബന്ധപൂര്‍വ്വം മാറ്റിയതാണ് പ്രകോപിപ്പിച്ചത്. പ്രക്ഷോഭകര്‍ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാവുകയും പോലീസ് വെടിവെപ്പില്‍ മൂന്ന് പ്രക്ഷോഭകര്‍ക്കും ഒരു പോലീസുകാരനും പരിക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷം പടരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ബി ആംഗ്ലോങ്, വെസ്റ്റ് കര്‍ബി ആംഗ്ലോങ് ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വൈകുന്നേരം 5 മണി മുതല്‍ രാവിലെ 6 മണി വരെ രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.