പാലക്കാട്: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച് ആണ്‍സുഹൃത്ത്. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്‌മാനാണ് ഗര്‍ഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. യുവാവ് ദീര്‍ഘനാളായി ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.

കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്.

ഒരു വര്‍ഷമായി പെണ്‍കുട്ടി ഷാഹിദ് റഹ്‌മാനൊപ്പമാണ് താമസിച്ചിരുന്നത്. ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ വീട്ടില്‍ അടച്ചിടുകയും ഇസ്തിരിപ്പെട്ടി കൊണ്ട് കയ്യിലും കാലിലും പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ തന്നെ ഇത്തരത്തില്‍ ഉപദ്രവിച്ചതെന്നാണ് യുവതി പറഞ്ഞത്.

നാല് ദിവസമായി യുവതിയെ വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് യുവാവ് പുറത്തു പോയ സമയം പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി സമീപവാസികളോട് കാര്യങ്ങള്‍ പറയുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.