തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്'എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൈബ് 4 വെല്‍നസ് പ്രവര്‍ത്തങ്ങള്‍ക്ക് 4 പ്രധാന ഘടകങ്ങള്‍ ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷണം (Eat Well), പ്രായാനുസൃത വ്യായാമം (Act Well), കൃത്യമായ ഉറക്കം (Sleep Well), ആരോഗ്യ പരിപാലനം (care Well) എന്നിവയാണ് അവ. കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനായാണ് സമഗ്ര ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന് മുന്നോടിയായി 26ന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ജനുവരി ഒന്നാം തീയതി തിരുവനന്തപുരത്ത് എത്തിച്ചേരും. ജനുവരി ഒന്നിന് ക്യാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. ക്യാമ്പയിനില്‍ എല്ലാവരുടെ സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.

വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗാതുരത കുറയ്ക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്' ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പ്രായം, ലിംഗം, സാമ്പത്തിക നില എന്നിവയെ പരിഗണിക്കാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കുട്ടികള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങളെയും ഫുഡ് വ്‌ലോ?ഗര്‍മാര്‍, ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മാണ വിതരണക്കാര്‍, ഹോട്ടലുകള്‍, ഫിറ്റ്നസ് ക്ലബ്ബുകള്‍, മറ്റ് കലാകായിക ക്ലബ്ബുകള്‍ എന്നിവ ലക്ഷ്യമിട്ടും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് നടത്തുന്നു.

ആരോഗ്യ വകുപ്പ് നടത്തിയ വാര്‍ഷികാരോഗ്യ പരിശോധനകളില്‍ ജീവിതശൈലീ രോഗങ്ങളുടെ വലിയ വര്‍ധനവാണ് കാണുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെ പല രോഗങ്ങളേയും അകറ്റി നിര്‍ത്താം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഓരോരുത്തരും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചാല്‍, ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാനാകും.

ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 10,000 യോഗ ക്ലബ്ബുകള്‍, 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ എന്നിവ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കായിക വകുപ്പ്, യുവജന ക്ഷേമ വകുപ്പ്, വനിത ശിശുവികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് ക്യാമ്പയിന്‍ നടത്തുക.

ആരോഗ്യകരമായ ഭക്ഷണ ശീലം, ചിട്ടയായ വ്യായാമം, ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്ന വിനോദങ്ങള്‍, മാനസികാരോഗ്യം, മതിയായ ഉറക്കം, വിശ്രമം ഇവയെല്ലാം ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. സന്തുലിതമായ ആഹാരം തിരഞ്ഞെടുക്കണം. ആഹാരത്തില്‍ ഉപ്പിന്റേയും പഞ്ചസാരയുടേയും എണ്ണയുടേയും അളവ് കുറയ്ക്കണം. ദിവസേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക, പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തുക, ജങ്ക് ഫുഡും അമിതമായ പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുക എന്നിവ ആരോഗ്യത്തിന് പ്രധാനമാണ്.