കോട്ടയം: ഇലവീഴാപൂഞ്ചിറ മലനിരയില്‍ വന്‍ തീപ്പിടിത്തം. നിയന്ത്രണവിധേയമാക്കിയ തീ രാത്രിയോടെ വീണ്ടും പടര്‍ന്നു. നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി അഗ്‌നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് തുടരുകയാണ്. ക്രിസ്മസ് ദിനമായതിനാല്‍ ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച ഉച്ചയോടെയാണ് മലനിരകളില്‍ തീ പടര്‍ന്നുപിടിച്ചത്. തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ഈരാറ്റുപേട്ടയില്‍ നിന്നും അഗ്‌നിരക്ഷാസേനയുടെ രണ്ടു വാഹനങ്ങള്‍ സ്ഥലത്തെത്തി. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍, രാത്രിയോടെ തീ വീണ്ടും പടരുകയായിരുന്നു.