- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തരസഞ്ചാരികളുടെ കാര്യത്തില്‍ ഓരോ വര്‍ഷവും കേരളം റെക്കോര്‍ഡ് സൃഷ്ടിക്കുകയാണെന്ന് ടൂറിസം; അഞ്ചു വര്‍ഷത്തിനിടെ 36 ശതമാനം വര്‍ദ്ധന
കോഴിക്കോട് : ആഭ്യന്തരസഞ്ചാരികളുടെ കാര്യത്തില്‍ ഓരോ വര്‍ഷവും കേരളം റെക്കോര്‍ഡ് സൃഷ്ടിക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് അഞ്ചു വര്‍ഷം മുമ്പു വന്ന ആഭ്യന്തരസഞ്ചാരികളെക്കാള്‍ 36 ശതമാനത്തിലധികം ആഭ്യന്തരസഞ്ചാരികള്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തി. കോവിഡിനു മുമ്പുള്ള കാലത്തേക്കാളും നാം ഏറെ മുന്നോട്ടു പോയെന്നും അതാണ് ഈ രംഗത്തു നാം കൈവരിച്ച മാറ്റമെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ അന്താരാഷ്ട്ര കരകൗശലമേളയുടെ പതിമൂന്നാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമല 'നബാര്‍ഡ് ക്രാഫ്റ്റ്‌സ് സോണ്‍' ഉദ്ഘാടനം ചെയ്തു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സര്‍ഗാലയ മേള മാറിക്കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ സമ്പന്നമായ കലാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ മേള ഒരു ടൂറിസം വേദികൂടിയാണ്. വിദേശസഞ്ചാരികളെ ഉള്‍പ്പെടെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ഈ വൈദഗ്ധ്യം പകര്‍ന്നുനല്‍കാനും കഴിയുന്ന വേദിയായും ഇതു മാറുകയാണ്. ക്രാഫ്റ്റ് വില്ലേജിന്റെയും കോഴിക്കോടിന്റെയും ഡെസ്റ്റിനേഷന്‍ ബ്രാന്‍ഡിംഗിനുകൂടി ഇത്തരം മേളകള്‍ സഹായകരമാകും.
വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും നിന്ന് ഇരുന്നൂറിലധികം കലാകാര്‍ വൈവിധ്യമാര്‍ന്ന കരകൗശലോത്പന്നങ്ങളുമായി മേളയില്‍ പങ്കെടുക്കുന്നു. പരമ്പരാഗത കഴിവുകളും പൈതൃകവും സംരക്ഷിക്കുകയും പരിശീലനത്തിലൂടെയും വില്‍പ്പനയിലൂടെയും അവയെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം മേളകള്‍ മുന്നോട്ടുവെക്കുന്നത്. അതോടൊപ്പം കരകൗശലകലാകാര്‍ക്ക് വരുമാനം, തൊഴിലവസരം എന്നിവ ഉറപ്പാക്കുകയും പ്രാദേശിക ജനതയെ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാന്‍ ഇതു സഹായകരമാകും.
കേരളത്തിലെ ടൂറിസംമേഖല വലിയ മുന്നേറ്റത്തിലേക്കു നീങ്ങുകയാണ്. 2026-ല്‍ ലോകത്തു കണ്ടിരിക്കേണ്ട 26 ഡെസ്റ്റിനേഷനുകളില്‍ ഇന്ത്യയില്‍നിന്നുള്ള ഏക ഡെസ്റ്റിനേഷനായി റഫ് ഗൈഡ്‌സ് എന്ന ട്രാവല്‍ കമ്പനി കേരളത്തെ അടയാളപ്പെടുത്തി. ട്രാവല്‍ - ലിഷര്‍ മാഗസിന്‍ വായനക്കാരില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവും മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി കേരളത്തെ രണ്ടാഴ്ച മുമ്പു തെരഞ്ഞെടുത്തു. നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്, ടൈം മാഗസിന്‍ ഇവരെല്ലാം കേരളത്തെ ലോകടൂറിസം മാപ്പില്‍ കൃത്യമായി അടയാളപ്പെടുത്തി. ഇങ്ങനെ ഓരോ മേഖലയിലും അന്താരാഷ്ട്രതലത്തില്‍ കേരളത്തെ സഞ്ചാരികള്‍ അടയാളപ്പെടുത്തിത്തുടങ്ങിയതാണു കേരളം ഉണ്ടാക്കിയ മുന്നേറ്റം.
ഉത്തരവാദിത്തടൂറിസത്തില്‍ ലോകമാതൃകയായി കേരളത്തെ വിദഗ്ദ്ധര്‍ അടയാളപ്പെടുത്തുകയാണ്. ആര്‍ ടി മാത്രമല്ല, സിനി ടൂറിസം, ഡെസ്റ്റിനേഷന്‍ ചലഞ്ച്, ഡെസ്റ്റിനേഷന്‍ വെഡിംഗ്, നൂതന ബീച്ച് ടൂറിസം പദ്ധതികള്‍, നൂതന സാഹസികടൂറിസം പദ്ധതികള്‍, പൈതൃകടൂറിസം, ഇങ്ങനെ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. ആര്‍ബികള്‍ക്ക് അടിയിലുള്ള വീ പാര്‍ക്കുകള്‍ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റി. ഈ പദ്ധതികള്‍ നമ്മുടെ ടൂറിസം മേഖലയ്ക്കാകെ ഉണര്‍വ് നല്കി. ഓരോ മേഖലയിലേക്കും വ്യാപരിക്കുകയും പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൊണ്ടുവരികയും ചെയ്തു. നൂതന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ ലോക അംഗീകാരം കേരള ടൂറിസത്തിനു ലഭിച്ചത് ഈ മേഖലയില്‍ സര്‍ക്കാര്‍ നയം ശരിയായിരുന്നു എന്നതിന്റെ തെളിവാണെന്നും അതു കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.




