കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി കെ മിനിമോളെ ഷാള്‍ അണിയിച്ച് അഭിനന്ദിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വര്‍ഗീസ് ഇറങ്ങിപ്പോയി. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ വി കെ മിനിമോള്‍ 48 വോട്ട് നേടിയിരുന്നു. ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളുമാണ് ലഭിച്ചത്.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എന്‍.ഡി.എ ആറു സീറ്റിലും സ്വതന്ത്രര്‍ നാലു സീറ്റുകളിലും ജയിച്ചിരുന്നു.ആദ്യ രണ്ടരവര്‍ഷമാണ് മിനിമോള്‍ മേയറാവുക. തുടര്‍ന്നുള്ള രണ്ടരവര്‍ഷം ഷൈനി മേയറാകും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥികളില്‍ തീരുമാനമെടുത്തത്. ഡെപ്യൂട്ടി മേയര്‍പദവിയും രണ്ടുപേര്‍ക്കാണ് നല്‍കുന്നത്. മിനിമോളുെട കാലയളവില്‍ ദീപക് ജോയിയും ഷൈനിയുടെ കാലയളവില്‍ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും.

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ദീപ്തി മേരി വര്‍ഗീസിനെ നേതൃത്വം അനുനയിപ്പിച്ചിരുന്നു. കൊച്ചിയില്‍ ടേം വ്യവസ്ഥയില്‍ മേയര്‍മാരാകുന്ന വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദീപ്തി മേരി വര്‍ഗീസ് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ദീപ്തി തന്റെ പിന്തുണ അറിയിച്ചത്.