തിരുവനന്തപുരം: തൃക്കാക്കര നഗരസഭയില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം. കൊച്ചി കോര്‍പറേഷനില്‍ നടപ്പിലാക്കിയ ടെം വ്യവസ്ഥ തൃക്കാക്കരയില്‍ നടപ്പിലാക്കിയില്ലെന്നും പരാതിയുമായി ഉമതോമസ് രംഗത്തെത്തി. ഐ ഗ്രൂപ്പുകാരനായ റാഷിദിനെയാണ് നഗരസഭ അധ്യക്ഷനാക്കിയത്. ഷാജി വാഴക്കാലയുടെ പേരാണ് ഉമതോമസ് എംഎല്‍എ മുന്നോട്ട് വെച്ചെങ്കിലും പരിഗണിച്ചില്ല. ജില്ലയില്‍ പലയിടത്തും പല വ്യവസ്ഥകളാണെന്നാണ് ഉമതോമസ് കെപിസിസിക്ക് നല്‍കിയ പരാതിയിലുള്ളത്.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും നഗരസഭയില്‍ ചെയര്‍മാനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് വലഞ്ഞതും ചര്‍ച്ചയായിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിലും ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഓരോ കൗണ്‍സിലര്‍മാരെയും രഹസ്യമായി വിളിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള അവരുടെ താല്‍പ്പര്യം ചോദിക്കുകയായിരുന്നു. പലരും പല പേരുകളും പറഞ്ഞതിനാല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ആയില്ല. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കന്‍, ഉമ തോമസ് എംഎല്‍എ, കോണ്‍ഗ്രസ് കോര്‍കമ്മിറ്റി അംഗങ്ങളായ പി ഐ മുഹമ്മദാലി, സേവ്യര്‍ തായങ്കേരി, നൗഷാദ് പല്ലച്ചി തുടങ്ങിയവരാണ് നഗരസഭയുടെ ചുമതല ഉണ്ടായിരുന്നവര്‍.