കോട്ടയം: കേരളത്തിലെ കള്ള് വ്യവസായ മേഖല നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി വേറിട്ടൊരു തൊഴില്‍ നൈപുണ്യ കോഴ്സ് വരുന്നു. കേരള ടോഡി ബോര്‍ഡും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി ആവിഷ്‌കരിച്ച 'ടോഡി ടെക്നീഷ്യന്‍' കോഴ്സിന് എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. കള്ള് ചെത്ത് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഒരു രൂപ പോലും ഫീസ് നല്‍കാതെ ഈ വിദ്യ അഭ്യസിക്കാമെന്ന് മാത്രമല്ല, പഠനകാലയളവില്‍ 10,000 രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും.

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക സര്‍വകലാശാല കാമ്പസില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കോഴ്സ് ആരംഭിക്കും. ഒരു ബാച്ചില്‍ 30 പേര്‍ക്കാണ് പ്രവേശനം നല്‍കുക. 18 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും എന്ന് മാത്രമല്ല, പഠിതാക്കളുടെ താമസം, ഭക്ഷണം എന്നിവയുടെ ചെലവ് ടോഡി ബോര്‍ഡ് പൂര്‍ണ്ണമായും വഹിക്കുകയും ചെയ്യും. സര്‍വകലാശാലയിലെ അധ്യാപകര്‍ തിയറി ക്ലാസുകള്‍ നയിക്കുമ്പോള്‍, പ്രായോഗിക പരിശീലനത്തിനായി അനുഭവസമ്പന്നരായ പരമ്പരാഗത ചെത്ത് ആശാന്മാരെയാണ് നിയോഗിക്കുന്നത്.

പരമ്പരാഗത ചെത്തുകാരുടെ എണ്ണം കുറയുന്നത് മൂലം സംസ്ഥാനത്തെ കള്ള് വ്യവസായം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ടോഡി ഷോപ്പുകളെ ആധുനികവത്കരിക്കാനും സ്റ്റാര്‍ പദവിയുള്ള ഷാപ്പുകള്‍ തുടങ്ങാനുമുള്ള സര്‍ക്കാര്‍ പദ്ധതിക്ക് ചെത്തുതൊഴിലാളികളുടെ അഭാവം നിലവില്‍ വലിയ തടസ്സമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടോഡി ബോര്‍ഡ് ഔദ്യോഗികമായി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് കള്ള് വ്യവസായ മേഖലയില്‍ മാന്യമായ തൊഴിലും വേതനവും ഉറപ്പാക്കാന്‍ പുതിയ തലമുറയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഇതിനായുള്ള അപേക്ഷാ വിജ്ഞാപനം പുറത്തിറങ്ങും.