തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ട്രെയിന്‍ സമയത്തില്‍ മാറ്റം. ജനശതാബ്ദി, കേരള എക്‌സ്പ്രസ് ട്രെയിനുകളിലാണ് മാറ്റം നിലവില്‍ വരിക. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി (ട്രെയിന്‍ നമ്പര്‍ 12076) എക്‌സ്പ്രസ്സിന്റെ കൊല്ലം മുതല്‍ തൃശ്ശൂര്‍ വരെയുള്ള സമയക്രമമാണ് മാറുന്നത്. മുന്‍കാല സമയപ്രകാരം 9.40 എറണാകുളം എത്തിയിരുന്ന ജനശതാബ്ദി എക്‌സ്പ്രസ്സ് ഇനി മുതല്‍ 9.30 ന് എത്തിച്ചേരും.

ജനുവരി 1 മുതല്‍ തിരുവനന്തപുരം കേരള എക്‌സ്പ്രസ്സിന്റെ (ട്രെയിന്‍ നമ്പര്‍ 12626) തൃശൂര്‍ മുതലുള്ള സമയത്തിലും മാറ്റമുണ്ട്. എറണാകുളം ടൗണില്‍ 04.30 ന് എത്തി, 04.35 ന് പുറപ്പെടുന്ന വിധമാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ന്യൂ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസ്സ് ജനുവരി 3 നാണ് കേരളത്തില്‍ എത്തിച്ചേരുക. അതുകൊണ്ട് ജനുവരി മൂന്ന് മുതലാണ് സമയമാറ്റം കേരളത്തില്‍ പ്രാബല്യത്തില്‍ വരിക.

കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും 20 മിനിറ്റ് വ്യത്യാസം വന്നിട്ടുണ്ട്. തൃശൂര്‍ മുതല്‍ കൊല്ലം വരെയാണ് 20 മിനിറ്റ് വ്യത്യാസം ഉണ്ടാകുക. 9.40 എറണാകുളത്ത് എത്തിയിരുന്നത് ഇനി മുതല്‍ 9.30ന് എത്തും. 12.35 കൊല്ലം എത്തിയിരുന്നത് 12.20 നും എത്തിച്ചേരും.