പത്തനംതിട്ട: സൈക്കിൾ നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ത് ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കത്തിലൂടെ സൈക്കിൾ ഓടിച്ചു വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുത്തനെയുള്ള ഇറക്കത്തിലൂടെ സൈക്കിൾ അമിതവേഗത്തിൽ നിയന്ത്രിക്കാനാവാതെ വരുമ്പോൾ കുട്ടി നിലവിളിക്കുന്നതും തുടർന്ന് വേഗതയിൽ ഗേറ്റിലിടിച്ച് മറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗേറ്റിലിടിച്ച ആഘാതത്തിൽ തെറിച്ചുപോയ ഭവന്ത് സമീപത്തെ ഭിത്തിയിലിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.