തിരുവനന്തപുരം: തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ കൂറുമായി ബിജെപിയിലെത്തി ഭരണംപിടിച്ചതില്‍ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് അംഗങ്ങള്‍ ആരും ബിജെപിയില്‍ പോയില്ലെന്നും എല്‍ഡിഎഫ് നിശ്ചയിച്ച പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരെ വിമതന് പിന്തുണകൊടുക്കുക മാത്രമായിരുന്നുവെന്നുമാണ് സതീശന്റെ ന്യായീകരണം. പാര്‍ടിയോട് ആലോചിക്കാതെ ചെയ്തതിനാലാണ് അവര്‍ക്കെതിരെ നടപടി എടുത്തതെന്നും സതീശന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മറ്റത്തൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുദിവസം രാവിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചാണ് ബിജെപിക്ക് കളമൊരുക്കിയത്. വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കല്‍ ബിജെപികോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി. 24 അംഗ പഞ്ചായത്തില്‍ 12 വോട്ട് ബിജെപികോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ഥി നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ഒ ഒൗസേഫിന് 11 വോട്ട്. ഒരുവോട്ട് അസാധു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസ് അംഗം പി യു നൂര്‍ജഹാന്‍ 13 വോട്ട് നേടി വിജയിച്ചു. എല്‍ഡിഎഫ്10, യുഡിഎഫ്8, ബിജെപി4, സ്വതന്ത്രര്‍2 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരില്‍ ഒരാള്‍ എല്‍ഡിഎഫിനെയും മറ്റൊരാള്‍ യുഡിഎഫിനെയും പിന്തുണച്ചു.

ഡിസിസി പ്രസിഡന്റിനുള്ള കത്തിലാണ് എട്ട് അംഗങ്ങളും കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിച്ചത്. തുടര്‍ന്ന്, വിമതയായി മത്സരിച്ച് ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്റെയും മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിലിന്റെയും നേതൃത്വത്തിലാണ് അട്ടിമറിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ മുഖംരക്ഷിക്കാനായി ചന്ദ്രനെയും ഷാഫിയെയും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. കെപിസിസി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.