കോട്ടയം: കുമരകം പഞ്ചായത്തില്‍ ബിജെപി പിന്തുണയില്‍ യുഡിഎഫ് സ്വതന്ത്രന്‍ പ്രസിഡന്റായ സംഭവത്തില്‍ നടപടിയുമായി ബിജെപി നേതൃത്വം. വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട് ചെയ്ത മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പി കെ സേതു, സുനിത് വി കെ, നീതു റെജി എന്നീ അംഗങ്ങളെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.

കുമരകം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രന്‍ എ പി ഗോപിക്ക് ബിജെപി അംഗവും വോട്ട് ചെയ്തതാണ് യുഡിഎഫിന്റെ അട്ടിമറി വിജയത്തിന് കാരണമായത്. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ യുഡിഎഫിനും മറുവശത്ത് എല്‍ഡിഎഫിനും 8 വീതം വോട്ടാണ് കിട്ടിയത്. ഇതോടെ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. നറുക്കെടുപ്പില്‍ എ പി ഗോപിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. എല്‍ഡിഎഫില്‍ നിന്ന് കെ എസ് സലിമോനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.