പത്തനംതിട്ട: കണ്ണങ്കരയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കമാണ് പരസ്യമായ കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. സ്ത്രീകള്‍ മദ്യപിച്ചിരുന്നതായി സമീപത്തെ കടകളിലുള്ളവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തര്‍ക്കം പെട്ടെന്ന് അടിപിടിയിലേക്ക് മാറുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ഭയന്ന നാട്ടുകാരും സ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പുരുഷന്മാരും ചേര്‍ന്നാണ് ഒടുവില്‍ സ്ത്രീകളെ ശാന്തരാക്കിയത്. ഏകദേശം അഞ്ച് മിനിറ്റോളം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ ഇവരെ അവിടെനിന്ന് താമസസ്ഥലത്തേക്ക് മാറ്റി.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലയാണ് കണ്ണങ്കര. ഈ സംഭവത്തില്‍ പരാതികളൊന്നുമില്ലാത്തതിനാല്‍ പോലീസിന് കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല.