പത്തനംതിട്ട: ചിറ്റാറിലെ വില്ലൂന്നിപ്പാറയില്‍ കിണറ്റില്‍ വീണ കടുവയെ രക്ഷപ്പെടുത്തി. വലയിലാക്കിയാണ് കടുവയെ പുറത്തെടുത്തത്. വലയിലാക്കി മയക്കുവെടി വെച്ചശേഷമാണ് കടുവയെ പുറത്തെടുത്തത്. പിന്നീട് കൂട്ടിലേക്ക് കയറ്റി.

തേക്കടിയില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് മയക്കുവെടി വെച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഉച്ചക്ക് 3.30ഓടെയാണ് കടുവയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.

മൂന്നു വയസുള്ള കടുവയാണ് കിണറ്റില്‍ വീണത്. പ്രാഥമിക പരിശോധനയില്‍ കടുവക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് കിണറ്റില്‍ കടുവയെ കണ്ടത്. കൊല്ലംപറമ്പില്‍ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. കിണറ്റില്‍ നിന്ന് വലിയ ശബ്ദം കേട്ടതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് കടുവയെ കണ്ടത്. തുടര്‍ന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.