- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരിയില്‍ വെള്ള, നീല കാര്‍ഡുകള്‍ക്ക് റേഷന്‍ അധിക വിഹിതമില്ല; മുന്‍ഗണനേതര വിഭാഗത്തിന് ആട്ട വിഹിതം പുനഃസ്ഥാപിച്ചു
ജനുവരിയില്‍ വെള്ള, നീല കാര്‍ഡുകള്‍ക്ക് റേഷന്‍ അധിക വിഹിതമില്ല
ആലപ്പുഴ: സംസ്ഥാനത്തു മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള (എന്‍പിഎന്‍എസ്), നീല (എന്‍പിഎസ്) കാര്‍ഡ് ഉടമകള്‍ക്കു ജനുവരിയില്‍ റേഷന്‍ അധിക വിഹിതം ലഭിക്കില്ല. ഇത്തവണ രണ്ടു കിലോഗ്രാം അരി മാത്രമാണു ലഭിക്കുക. വെള്ള കാര്‍ഡിന് കഴിഞ്ഞ മാസം അധിക വിഹിതം കൂടിച്ചേര്‍ത്ത് 10 കിലോഗ്രാം അരി നല്‍കിയിരുന്നു. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം വീതം അരി ജനുവരിയില്‍ ലഭിക്കും. കഴിഞ്ഞ മാസം ഇതിനുപുറമെ അധിക വിഹിതമായി അഞ്ച് കിലോഗ്രാം അരി കൂടി അനുവദിച്ചിരുന്നു.
ഓണക്കാലത്തു പോലും അനുവദിക്കാത്ത അധികവിഹിതം ഡിസംബറില്‍ അനുവദിച്ചതു തദ്ദേശ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ജനുവരിയില്‍ അധിക വിഹിതം ഒഴിവാക്കിയതോടെ തിരഞ്ഞെടുപ്പു കാലത്തു മാത്രം അധിക അരി അനുവദിച്ചെന്ന ആരോപണം വീണ്ടും ഉയരുന്നുണ്ട്. വെള്ള, നീല കാര്‍ഡുകാര്‍ക്ക് അധിക അരി ഇല്ലാതാകുന്നതോടെ റേഷന്‍ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നും വേതനം കുറയുമെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
മഞ്ഞ (എഎവൈ) കാര്‍ഡിന് 30 കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം ഗോതമ്പും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ഒരു കിലോഗ്രാം പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും. പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും.
ജനുവരിയിലെ റേഷന്‍ വിഹിതത്തില്‍ നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍എസ്), ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള എന്‍പിഐ കാര്‍ഡ് എന്നിവയ്ക്കുള്ള റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തി. 2023 ഓഗസ്റ്റിനു ശേഷം മുന്‍ഗണനേതര വിഭാഗത്തിന്റെ റേഷന്‍ വിഹിതത്തില്‍ ആട്ട വിതരണം ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.
നീല, വെള്ള കാര്‍ഡുകള്‍ക്ക് അതതു താലൂക്കിലെ ലഭ്യത അനുസരിച്ച് കാര്‍ഡിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോഗ്രാമിന് 17 രൂപയ്ക്കു നല്‍കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണു ലഭിക്കുക. 2023ലും ഇതേ അളവിലാണു റേഷന്‍ ആട്ട നല്‍കിയിരുന്നത്.




