ആലപ്പുഴ: അപ്പൂപ്പന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച ചെറുമകന്‍ അറസ്റ്റില്‍. എ.ടി.എം. കാര്‍ഡെടുത്തത് ചോദ്യംചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിട അച്ഛന്റെ അച്ഛനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും പിതാവിനെ ആക്രമിക്കുകയും ചെയ്ത യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കളര്‍കോട് താന്നിപ്പള്ളിവേലി സൂര്യദാസിനെ (അച്ചു-24) സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കളര്‍കോട് വാര്‍ഡില്‍ താന്നിപ്പള്ളിവേലി വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ (71), മകന്‍ വിമല്‍രാജ് (51), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി 7.45-ന് കളര്‍കോട് ക്ഷേത്രത്തിനുസമീപത്തെ വീട്ടിലായിരുന്നു സംഭവം. എ.ടി.എം. കാര്‍ഡ് എടുത്തതിനെ ഉണ്ണിക്കൃഷ്ണന്‍ ചോദ്യംചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഉണ്ണിക്കഷ്ണന്റെ തലയ്ക്ക് രണ്ടുതവണ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇതുതടയാനെത്തിയ പിതാവ് വിമല്‍രാജിനെ ഇരുമ്പുപൈപ്പുപയോഗിച്ച് തലയ്ക്കിട്ടടിച്ചു. രണ്ടാമത്തെ അടി തടയാന്‍ ശ്രമിക്കവേ വിമല്‍രാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥിയും പ്രതി ഒടിച്ചതായി പോലീസ് പറഞ്ഞു.