തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാല 'നമുക്ക് പറയാം' ജനുവരി 2, 3 തീയതികളില്‍ നടക്കും. തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ശില്‍പ്പശാല. സംസ്ഥാനത്തെ പോലീസ് സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സേനയുടെ നവീകരണത്തിനുമായി സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായാണ് ഈ ദ്വിദിന ശില്പശാല.

പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന തൊഴില്‍പരമായ പ്രതിസന്ധികളും അവയ്ക്കുള്ള ശാസ്ത്രീയമായ പരിഹാരങ്ങളും കണ്ടെത്തുക എന്നതാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. ഒക്ടോബര്‍ ഒന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നടന്നുവരുന്ന ക്യാമ്പയിന്റെ സമാപനമാണിത്. ക്യാമ്പയിന്റെ ഭാഗമായി സംഘടനാ ഭാരവാഹികള്‍ സംസ്ഥാനത്തെ എല്ലാ പോലീസ് യൂണിറ്റുകളിലും സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നു.

ഇതിനുപിന്നാലെ ജില്ലാതലങ്ങളില്‍ നടന്ന ഏകദിന ശില്പശാലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കുക. സേനയെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ചയാകും.