തൃശൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇക്കാര്യം മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണെന്നും അന്വേഷണ സംഘത്തില്‍ നിന്ന് ഔദ്യോഗികമായി തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി മനഃപൂര്‍വ്വം ഉണ്ടാക്കിയ പണിയാണിതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.

അന്വേഷണ സംഘമായ എസ്‌ഐടി വിളിപ്പിച്ചാല്‍ തീര്‍ച്ചയായും ഹാജരാകും. എന്നാല്‍ മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ അന്വേഷണ സംഘത്തിന് മുന്നില്‍ പോകുന്നത് ശരിയായ നടപടിയല്ല. കേസില്‍ തനിക്ക് ഭയമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോണിയ ഗാന്ധിയെ കാണാന്‍ അനുമതി തേടി എന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. എന്നാല്‍ അവിടെ പോയി എന്നത് യാഥാര്‍ത്ഥ്യമാണ്. കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലുള്ള ആളാണ്. അദ്ദേഹം ഒരു ആവശ്യം ഉന്നയിച്ചപ്പോള്‍ ജനപ്രതിനിധി എന്ന നിലയില്‍ അത് കേള്‍ക്കാന്‍ തയ്യാറായി. അദ്ദേഹം കള്ളനാണെന്ന് അറിഞ്ഞുകൊണ്ടല്ല ഇടപെട്ടത്. ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട് അദ്ദേഹം ക്ഷണിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം എസ്‌ഐടി വിളിപ്പിക്കുമ്പോള്‍ അവരെയും മാധ്യമങ്ങളെയും കൃത്യമായി അറിയിക്കുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.