- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയ്ക്ക് മുന്‍ഗണന; സര്‍ക്കാരിനെതിരെ വര്ഗീയതാരോപണവുമായി രമേശ് ചെന്നിത്തല
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡം വിജയസാധ്യത മാത്രമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പില്‍ 53 ശതമാനം സ്ഥാനാര്‍ഥികളും യുവാക്കളും സ്ത്രീകളുമായിരുന്നുവെന്നും, എന്നാല്‍ യുവാക്കളെ പരിഗണിക്കുന്നത് മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിക്കൊണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ നടക്കുന്ന നേതൃക്യാമ്പിന് ശേഷം മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാനാണ് പാര്‍ട്ടി തീരുമാനം. കേരളത്തില്‍ മതസ്പര്‍ദ്ധയും വര്‍ഗീയ വിദ്വേഷവും പടര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു. ഓരോ തെരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വര്‍ഗീയതയെ താലോലിക്കുന്ന മുഖ്യമന്ത്രി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയതയുമാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തില്‍ വെള്ളാപ്പള്ളി നടേശന്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ വേണ്ടെന്നും സമൂഹത്തില്‍ മതനിരപേക്ഷ നിലപാടാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.




