തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിംഗ് ഏരിയയിലുണ്ടായ വന്‍ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. ഇന്ന് രാവിലെ ആറരയോടെ ഉണ്ടായ അപകടത്തില്‍ നൂറിലേറെ ബൈക്കുകള്‍ കത്തിയമരുകയും പാര്‍ക്കിംഗ് ഷെഡിന്റെ മേല്‍ക്കൂരയടക്കം തകര്‍ന്നു വീഴുകയും ചെയ്തിരുന്നു.

സംഭവസ്ഥലം സന്ദര്‍ശിച്ച ഡിജിപി, റെയില്‍വേ പാളത്തിന് സമീപത്തെ വൈദ്യുത ലൈനുകള്‍ക്ക് തൊട്ടടുത്താണ് അപകടം നടന്നതെന്നും വന്‍ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്നും വ്യക്തമാക്കി. റെയില്‍വേ ലൈനില്‍ നിന്നുള്ള തീപ്പൊരിയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം പോലീസ് വിശദമായി പരിശോധിക്കും. സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റെയില്‍വേയും ആര്‍.പി.എഫും പോലീസും സംയുക്തമായി സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.