തിരുവനന്തപുരം : അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും അധ്യാപക യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതകളും അധ്യാപകരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നിലവിലെ വിധി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ ഏകദേശം 50,000-ത്തോളം അധ്യാപകരുടെ ജോലിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കെ- ടെറ്റ് നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അതിനാല്‍ തന്നെ, കെ-ടെറ്റ് ഇല്ലാത്ത അധ്യാപകര്‍ യോഗ്യരല്ല എന്ന വാദം കേരളത്തിന്റെ സാഹചര്യത്തില്‍ നിലനില്‍ക്കില്ല. 2012ല്‍ കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍, 2012 മാര്‍ച്ച് 31-ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കരുത് എന്നും വിരമിക്കല്‍ വരെ തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

നെറ്റ്, സെറ്റ്, പിഎച്ച്ഡി തുടങ്ങിയ ഉന്നത യോഗ്യതകള്‍ ഉള്ള അധ്യാപകര്‍ക്ക് കെ-ടെറ്റില്‍ നിന്നും സ്ഥിരമായി ഇളവ് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിന് കെ-ടെറ്റ് തടസമാകുന്ന സാഹചര്യം ഒഴിവാക്കണം. 2010ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ വിജ്ഞാപനത്തിന് മുന്‍പ് നിയമിതരായവര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നതാണ് നിലവിലെ വിധി.

അധ്യാപകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ റിവ്യൂ ഹര്‍ജിയിലൂടെ അധ്യാപകര്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.